കണ്ണൂർ: കെട്ടിട നിർമാണം സംബന്ധിച്ച പെൻഡിംഗ് ഫയലുകൾ തീർക്കുന്നതിന് ബിൽഡിംഗ് ഫയൽ ക്ലിനിക് ഒരാഴ്ചത്തേയ്ക്ക് നടപ്പിലാക്കുന്നതിന് മേയറുടെ നിർദേശം. ബിൽഡിംഗ് പെന്റിംഗ് ഫയൽ ക്ലിനിക്കിന് ശേഷവും, ഫയലിലെ അപാകതകൾ കാരണം പരിഹരിക്കാനാവാത്ത ഫയലുകൾ പരിശോധിച്ച് അപാകതകളോ മറ്റ് അനുബന്ധ രേഖകളോ ലഭ്യമല്ലാത്തവ തീർപ്പാക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
കെ സ്മാർട്ട് സോഫ്റ്റ്വെയറിൽ ചില സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ആയതു പ്രകാരം അപേക്ഷ സമർപ്പിക്കൽ സൂക്ഷ്മ പരിശോധന എന്നിങ്ങനെ ചില വിഷയങ്ങളിൽ സോഫ്റ്റ് വെയർ തടസം നേരിടുന്നവ ഐകെഎമ്മിൽ റിപ്പോർട്ട് ചെയ്ത് അടിയന്തരമായി പരിഹരിച്ചു കിട്ടുന്നതിന് കത്ത് നൽകുന്നതിനും യോഗം തീരുമാനിച്ചു.
കണ്ണൂർ കോർപറേഷനിൽ കെട്ടിട നിർമാണ പെർമിറ്റ് അപേക്ഷകളിൽ കാലതാമസം ഉണ്ടാവുന്നത് സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ലൈസൻസ്ഡ് സൂപ്പർവൈസർ/ എൻജിനിയേർസ്, കോർപറേഷൻ എൻജിനിയറിംഗ് വിഭാഗം എന്നിവരുടെ യോഗത്തിലാണ് തീരുമാനം.
കെട്ടിട നിർമാണ പെർമിറ്റ് അപേക്ഷകളിലെ കാലതാമസം സംബന്ധിച്ച് കഴിഞ്ഞ കൗൺസിലിൽ രൂക്ഷമായ വിമർശനങ്ങളാണ് കോർപറേഷൻ എൻജിനിയറിംഗ് വിഭാഗത്തിനെതിരേ ഭരണസമിതി അംഗങ്ങൾ ഉന്നയിച്ചത്. ഈ വിഷയത്തിൽ ബിൽഡിംഗ് പെർമിറ്റ് അപേക്ഷകൾ അപാകതകളോടെ സമർപ്പിക്കുന്നത് കാരണം പലപ്പോഴും ബിൽഡിംഗ് ഫയലിൽ പെന്റിംഗ് ഉണ്ടാകുന്നതായി ഉദ്യോഗസ്ഥന്മാരും അഭിപ്രായപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മേയറുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തത്.
യോഗത്തിൽ മേയർക്കു പുറമെ ഡപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ഷമീമ, വി.കെ. മുഹമ്മദലി, സോനാ ജയറാം, സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, സൂപ്രണ്ടിംഗ് എൻജിനിയർ അനിത തുടങ്ങിയവർ പ്രസംഗിച്ചു.